ഒരു നുണ,
നിങ്ങളുടെ പരിഹാസച്ചിരിയോളങ്ങളിലേക്ക്
കല്ലുവച്ച് കെട്ടിത്താഴ്ത്തി
ഞാനെഴുതുകയാണ്..... കാരണം
ഇവിടെ ജനാലയ്ക്കു പുറത്ത്
മഴക്കുളമ്പുകള്‍ വിറച്ചകന്നുപോകുന്ന
ഒച്ചയാണെങ്ങും....
ഒറ്റയ്ക്കിരുന്ന് കൂട്ടങ്ങളെക്കുറിച്ച് സ്വപ്നം കാണുകയാണെല്ലാവരും...
പണ്ടു പണ്ടെന്നും
ഒരിടത്തൊരിടത്തെന്നും പത്തിനിവര്ത്തിക്കാണിക്കാനൊരു
കഥയില്ലല്ലോ പരമേശ്വരാ....
എനിക്ക് കലിപ്പ് ഇടയ്ക്കൊക്കെ ഊറി വരുന്നുണ്ട്.
2
തിരിഞ്ഞും മറിഞ്ഞും ചവിട്ടിയിട്ടും
കടിക്കാത്ത ദിവസപ്പാമ്പിന്റെ
പടം പൊഴിയുന്നത് നോക്കിയിരുന്ന
കഥയില്ലാത്ത ഒരു വൈകുന്നേരമാണ്
ഞാന്‍ വീണ്ടും ആനതാഴും ചിറ
കാണുവാന്‍ പോയത്.
പുത്തന്‍തോപ്പിലെ ചാഞ്ഞ തെങ്ങുകള്‍
വേലികെട്ടിയ കടല്‍ കാണുന്നതിന് മുമ്പ്
ഞങ്ങളെല്ലാം കണ്ട് പേടിച്ച് കൊതിച്ചത് ഈ കടലായിരുന്നു.
ഇന്ന് അതു വെറുമൊരു ചതുപ്പാണ്.
ഒമ്പതാം ക്ലാസ്സില്‍ കണക്ക് പഠിപ്പിച്ചിരുന്ന
അധ്യാപകനെ ഞങ്ങള്‍ ബുദ്ധന് എന്നു വിളിച്ചിരുന്നു
പാവപ്പെട്ട കുട്ടികളോട് വല്ലാത്ത വെറുപ്പ്മുഖം കാണിച്ച ഒരു
ബോധിസത്വന്
എന്നാണ് സാറിന് ബോധോദയം ഉണ്ടായതെന്ന് മാത്രം
ഞങ്ങള്ക്കറിഞ്ഞുകൂടായിരുന്നു.
ബുദ്ധനെ ക്ലാസ്സില്‍ നിന്ന് അകറ്റാന്‍ ക്ലാസ്സ്
ബഹിഷ്കരിച്ച ഞങ്ങള്‍ക്ക് ആശ്വാസം
ഈ ചിറയായിരുന്നു.
അതുകൊണ്ട് ഞങ്ങള്‍ വായിച്ച കൊച്ചുപുസ്തകങ്ങള്ക്ക്
ഇപ്പോഴും ഒരു ചെളിമണമാണ്.
പുറത്ത് മഴ പെയ്യുന്നു എന്നു പറഞ്ഞ്
നിങ്ങളെ ഒന്നൂടെ പറ്റിച്ചോട്ടെ.....
3
എങ്കിലും തണുക്കാത്ത എത്ര വേനലുകളാണ്
ഉള്ളില്‍കിടന്നു തിളക്കുന്നത്.
രാധാകൃഷ്ണനും അവന്റെ പാലൈസും സൈക്കിള്‍മണിയും
അലിഞ്ഞലിഞ്ഞേ പോയി.
നെല്ലിക്കയും കാരക്കയും വിറ്റിരുന്ന മൊണ്ടിഅണ്ണനെ
ഇപ്പോള്‍ ഉത്സവപ്പറമ്പുകളില്‍ കാണാം
കാണുമ്പോഴൊക്കെ അണ്ണന് ചോദിയ്ക്കും
എന്റെ മോന് നാടുവിട്ടിട്ട് ഏഴു വര്‍ഷമായി
കണ്ടിരുന്നോ നിങ്ങളാരെങ്കിലും?
ആനതാഴും ചിറ ഇന്ന് വെറുമൊരു ചതുപ്പാണ്
4
നാലാം ക്ലാസ്സിലാണ് അതുപഠിച്ചത്,
മഴപെയ്യുന്നതിങ്ങനെ.
കടലിലെ വെള്ളം നീരാവിയായി മേഘങ്ങളായി
മേഘം തണുത്ത് വീണ്ടും വെള്ളമായി
ഐസായി സോഡയായി വാളായി കണ്ണീരായി
വീണ്ടും കടലായി. . .
അവിടെപ്പിന്നെ നിന്നില്ല. ആ സച്ചിദാനന്ദന് പറയും പോലെ
ഒറ്റരാത്രികൊണ്ട് ഇറങ്ങിപ്പോകാത്ത
ഒരു ലഹരിയുണ്ടല്ലോ വീട്ടില്‍
അതുകൊണ്ടൊന്നും ആനതാഴും ചിറ ഇന്നൊരു കടലാവില്ലല്ലോ
5
പണിതീര്‍ന്നിട്ടും തീരാത്ത
ഭൂതകാലത്തിന്റെ എത്രാമത്തെയോ നിലയില്‍ നിന്ന്
ഭഗവാന് എറിഞ്ഞുതന്ന ഒരു ചുടുകട്ട
നിലതെറ്റിവീണതെന്റെ തലയിലാണ്.
മസ്തിഷ്കമരണം സംഭവിച്ചവന്റെ മരണാന്തരജീവിതത്തെപ്പറ്റി
അന്നാണ് ഗവേഷണം തുടങ്ങിയത്.
കുറ്റം പറയരുതല്ലോ
അതിനുശേഷം ഞാന്‍ ചിറ കാണാന്‍ പോകാറുണ്ടായിരുന്നില്ല.
പണ്ടേ മൂഡനാണെങ്കിലും സത്യത്തില്‍ ഇപ്പോഴാണ്
ഇതികര്ത്തവ്യനും കൂടിയായത്.
6
സുഹൃത്തുക്കള്‍ പാലുപോല്‍ പിരിഞ്ഞൊടുവില്‍ ഞാനൊറ്റയാകുന്നു
എന്നെഴുതിയവന് ഒരുമ്മ കൊടുക്കാന്‍ തോന്നുന്നു.
തൊട്ടാലും ചുംബിച്ചാലും ഉറവയെടുക്കുന്ന വേദന.
എത്ര കണ്ണുനീര്‍ത്തുള്ളികള്‍
ഉള്ളിലേക്കൊഴുകിപ്പോയി.
കൊമ്പ് കുലുക്കി വാലു ചുഴറ്റി ഈ കോമാളിക്കളി
നിങ്ങള്‍ക്ക് മടുക്കുന്നില്ലേ?
എനിക്കു മടുപ്പായി.
വഴിയോരത്തെ പടുമരത്തൊലികളില്
കാലം എന്നെ പായല്പ്പച്ചയായി
വരച്ച് പഠിച്ചുകൊണ്ടിരിക്കുന്നു.
ക്ഷമിക്കൂ ഇടയ്ക്ക് ഞാനങ്ങ് സീരിയസ്സായിപ്പോയി.
(ഓടിവരണേ രക്ഷിക്കണേ)
7
ഒന്നുമില്ലെങ്കിലും ആനതാഴുംചിറയില്
ഇപ്പോള്‍ ആനകളെ കുളിപ്പിക്കാറില്ലെന്നെങ്കിലും
ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു.
*ആനതാഴും ചിറ തിരുവനന്തപുരത്ത് പള്ളിപ്പുറത്തെ പ്രശസ്തമായ ഒരു ചിറയാണ്. ഇവിടെ കുളിപ്പിക്കാനിറക്കുന്ന ആനകളെ കാണാതാവുന്നത് നിത്യസംഭവമായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.മൂന്നുദിവസത്തിനുശേഷം കടലില്‍ ആനയുടെ ശവം അടിയാറുണ്ടായിരുന്നുവെന്നും വിശ്വാസമുണ്ടായിരുന്നു.അങ്ങനെയാ

Smoke...full of smoke..Eeeka mudra! dwi mudra!!
ReplyDeleteCourtesy:Salimkumar(Cine artist)
This comment has been removed by the author.
ReplyDelete