Monday, May 10, 2010

അമ്മയും മകളും തീവണ്ടിയില്‍

പണ്ടെങ്ങോ വറ്റിപ്പോയൊരമ്മപ്പെണ്ണും
ഉടല്‍ത്തരിപ്പാറാത്ത തുളുമ്പലില്‍
തൂവുന്ന മകള്‍പ്പെണ്ണും
പിന്നാക്കം പായുന്ന പാസഞ്ചര്‍ തീവണ്ടിയില്‍.


വീട്‌ താഴിട്ടിട്ടുണ്ടോ
ആടുകള്‍ പറമ്പിലെ പാഴ്‌ക്കിണറരികില്‍
കെട്ടഴിഞ്ഞോടിപ്പോയോ
നീരസം കടുത്തെന്നും വീഴുന്ന കരിക്കുകള്‍
അയലത്തകത്തമ്മ പെറുക്കിയൊളിപ്പിച്ചോ.......

ഓടുന്ന പുറം കാഴ്‌ച-
യമ്മയെക്കാണുന്നില്ല.


കണ്ണുകളലസമായ്‌ തുറന്നുമടച്ചിടെ
മധുരോദാരമൊരു നെടുവീര്‍പ്പായീ മകള്‍-
അമ്മതന്‍ നെറുകിലെ സിന്ധൂരം കാണെക്കാണെ.......

പായുന്ന പുറംകാഴ്‌ചയവളും കാണുന്നില്ല.

ആന താഴും ചിറ*

1
ഒരു നുണ,
നിങ്ങളുടെ പരിഹാസച്ചിരിയോളങ്ങളിലേക്ക്‌
കല്ലുവച്ച്‌ കെട്ടിത്താഴ്‌ത്തി
ഞാനെഴുതുകയാണ്‌..... കാരണം
ഇവിടെ ജനാലയ്‌ക്കു പുറത്ത്‌
മഴക്കുളമ്പുകള്‍ വിറച്ചകന്നുപോകുന്ന
ഒച്ചയാണെങ്ങും....
ഒറ്റയ്‌ക്കിരുന്ന്‌ കൂട്ടങ്ങളെക്കുറിച്ച്‌ സ്വപ്‌നം കാണുകയാണെല്ലാവരും...

പണ്ടു പണ്ടെന്നും
ഒരിടത്തൊരിടത്തെന്നും പത്തിനിവര്‍ത്തിക്കാണിക്കാനൊരു
കഥയില്ലല്ലോ പരമേശ്വരാ....
എനിക്ക്‌ കലിപ്പ്‌ ഇടയ്‌ക്കൊക്കെ ഊറി വരുന്നുണ്ട്‌.

2
തിരിഞ്ഞും മറിഞ്ഞും ചവിട്ടിയിട്ടും
കടിക്കാത്ത ദിവസപ്പാമ്പിന്റെ
പടം പൊഴിയുന്നത്‌ നോക്കിയിരുന്ന
കഥയില്ലാത്ത ഒരു വൈകുന്നേരമാണ്‌
ഞാന്‍ വീണ്ടും ആനതാഴും ചിറ
കാണുവാന്‍ പോയത്‌.

പുത്തന്‍തോപ്പിലെ ചാഞ്ഞ തെങ്ങുകള്‍
വേലികെട്ടിയ കടല്‍ കാണുന്നതിന്‌ മുമ്പ്‌
ഞങ്ങളെല്ലാം കണ്ട്‌ പേടിച്ച്‌ കൊതിച്ചത്‌ ഈ കടലായിരുന്നു.
ഇന്ന്‌ അതു വെറുമൊരു ചതുപ്പാണ്‌.

ഒമ്പതാം ക്ലാസ്സില്‍ കണക്ക്‌ പഠിപ്പിച്ചിരുന്ന
അധ്യാപകനെ ഞങ്ങള്‍ ബുദ്ധന്‍ എന്നു വിളിച്ചിരുന്നു
പാവപ്പെട്ട കുട്ടികളോട്‌ വല്ലാത്ത വെറുപ്പ്‌മുഖം കാണിച്ച ഒരു
ബോധിസത്വന്‍
എന്നാണ്‌ സാറിന്‌ ബോധോദയം ഉണ്ടായതെന്ന്‌ മാത്രം
ഞങ്ങള്‍ക്കറിഞ്ഞുകൂടായിരുന്നു.
ബുദ്ധനെ ക്ലാസ്സില്‍ നിന്ന്‌ അകറ്റാന്‍ ക്ലാസ്സ്‌
ബഹിഷ്‌കരിച്ച ഞങ്ങള്‍ക്ക്‌ ആശ്വാസം
ഈ ചിറയായിരുന്നു.
അതുകൊണ്ട്‌ ഞങ്ങള്‍ വായിച്ച കൊച്ചുപുസ്‌തകങ്ങള്‍ക്ക്‌
ഇപ്പോഴും ഒരു ചെളിമണമാണ്‌.

പുറത്ത്‌ മഴ പെയ്യുന്നു എന്നു പറഞ്ഞ്‌
നിങ്ങളെ ഒന്നൂടെ പറ്റിച്ചോട്ടെ.....

3
എങ്കിലും തണുക്കാത്ത എത്ര വേനലുകളാണ്‌
ഉള്ളില്‍കിടന്നു തിളക്കുന്നത്‌.
രാധാകൃഷ്‌ണനും അവന്റെ പാലൈസും സൈക്കിള്‍മണിയും
അലിഞ്ഞലിഞ്ഞേ പോയി.
നെല്ലിക്കയും കാരക്കയും വിറ്റിരുന്ന മൊണ്ടിഅണ്ണനെ
ഇപ്പോള്‍ ഉത്സവപ്പറമ്പുകളില്‍ കാണാം
കാണുമ്പോഴൊക്കെ അണ്ണന്‍ ചോദിയ്‌ക്കും

എന്റെ മോന്‍ നാടുവിട്ടിട്ട്‌ ഏഴു വര്‍ഷമായി
കണ്ടിരുന്നോ നിങ്ങളാരെങ്കിലും?

ആനതാഴും ചിറ ഇന്ന്‌ വെറുമൊരു ചതുപ്പാണ്‌


4
നാലാം ക്ലാസ്സിലാണ്‌ അതുപഠിച്ചത്‌,
മഴപെയ്യുന്നതിങ്ങനെ.
കടലിലെ വെള്ളം നീരാവിയായി മേഘങ്ങളായി
മേഘം തണുത്ത്‌ വീണ്ടും വെള്ളമായി
ഐസായി സോഡയായി വാളായി കണ്ണീരായി
വീണ്ടും കടലായി. . .
അവിടെപ്പിന്നെ നിന്നില്ല. ആ സച്ചിദാനന്ദന്‍ പറയും പോലെ
ഒറ്റരാത്രികൊണ്ട്‌ ഇറങ്ങിപ്പോകാത്ത
ഒരു ലഹരിയുണ്ടല്ലോ വീട്ടില്‍
അതുകൊണ്ടൊന്നും ആനതാഴും ചിറ ഇന്നൊരു കടലാവില്ലല്ലോ

5
പണിതീര്‍ന്നിട്ടും തീരാത്ത
ഭൂതകാലത്തിന്റെ എത്രാമത്തെയോ നിലയില്‍ നിന്ന്‌
ഭഗവാന്‍ എറിഞ്ഞുതന്ന ഒരു ചുടുകട്ട
നിലതെറ്റിവീണതെന്റെ തലയിലാണ്‌.
മസ്‌തിഷ്‌കമരണം സംഭവിച്ചവന്റെ മരണാന്തരജീവിതത്തെപ്പറ്റി
അന്നാണ്‌ ഗവേഷണം തുടങ്ങിയത്‌.
കുറ്റം പറയരുതല്ലോ
അതിനുശേഷം ഞാന്‍ ചിറ കാണാന്‍ പോകാറുണ്ടായിരുന്നില്ല.
പണ്ടേ മൂഡനാണെങ്കിലും സത്യത്തില്‍ ഇപ്പോഴാണ്‌
ഇതികര്‍ത്തവ്യനും കൂടിയായത്‌.

6
സുഹൃത്തുക്കള്‍ പാലുപോല്‍ പിരിഞ്ഞൊടുവില്‍ ഞാനൊറ്റയാകുന്നു
എന്നെഴുതിയവന്‌ ഒരുമ്മ കൊടുക്കാന്‍ തോന്നുന്നു.

തൊട്ടാലും ചുംബിച്ചാലും ഉറവയെടുക്കുന്ന വേദന.

എത്ര കണ്ണുനീര്‍ത്തുള്ളികള്‍
ഉള്ളിലേക്കൊഴുകിപ്പോയി.

കൊമ്പ്‌ കുലുക്കി വാലു ചുഴറ്റി ഈ കോമാളിക്കളി
നിങ്ങള്‍ക്ക്‌ മടുക്കുന്നില്ലേ?
എനിക്കു മടുപ്പായി.

വഴിയോരത്തെ പടുമരത്തൊലികളില്‍
കാലം എന്നെ പായല്‍പ്പച്ചയായി
വരച്ച്‌ പഠിച്ചുകൊണ്ടിരിക്കുന്നു.

ക്ഷമിക്കൂ ഇടയ്‌ക്ക്‌ ഞാനങ്ങ്‌ സീരിയസ്സായിപ്പോയി.
(ഓടിവരണേ രക്ഷിക്കണേ)

7
ഒന്നുമില്ലെങ്കിലും ആനതാഴുംചിറയില്‍
ഇപ്പോള്‍ ആനകളെ കുളിപ്പിക്കാറില്ലെന്നെങ്കിലും
ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു.





*ആനതാഴും ചിറ തിരുവനന്തപുരത്ത്‌ പള്ളിപ്പുറത്തെ പ്രശസ്‌തമായ ഒരു ചിറയാണ്‌. ഇവിടെ കുളിപ്പിക്കാനിറക്കുന്ന ആനകളെ കാണാതാവുന്നത്‌ നിത്യസംഭവമായിരുന്നുവെന്ന്‌ പഴമക്കാര്‍ പറയുന്നു.മൂന്നുദിവസത്തിനുശേഷം കടലില്‍ ആനയുടെ ശവം അടിയാറുണ്ടായിരുന്നുവെന്നും വിശ്വാസമുണ്ടായിരുന്നു.അങ്ങനെയാണ്‌ ആന താഴും ചിറയെന്ന്‌ പേരുവീണത്‌.

Thursday, April 22, 2010

ഒടുവില്‍ പറയേണ്ടത്‌


നിന്റെ സ്‌നേഹം
ഒറ്റപ്പെട്ട ഒരു
തിരിച്ചറിവായിരുന്നു


ഒരോണത്തിന്റെ
ഊഞ്ഞാല്‍പ്പഴുതിലൂടെ
ഞാനതിനെ തൊട്ടു നോക്കി.


ഒന്നു തൊട്ടതേയുള്ളൂ..
അടര്‍ന്നെന്റെ കൈകളില്‍.
സൂക്ഷിയ്‌ക്കണോ
കളയണോ
സത്യമായും ഞാനമ്പരന്നു.


മുതിര്‍ന്നപ്പോഴാണറിഞ്ഞത്‌
തിരയെടുത്തവയെല്ലാം
തീരത്തടിയാറില്ലെന്ന്‌


ഒരു മഴപ്പാതിരായ്‌ക്ക്‌
ഞാനതിന്റെ കഴുത്തു ഞെരിച്ചു.


അന്നു തൊട്ടാണ്‌
രാത്രിമുല്ലകള്‍
പൂക്കാതെയായത്‌.........
യാത്രക്കാരേ


വഴികൊടുക്കണേ
നിലവിളിയ്‌ക്കുന്ന
മരണവണ്ടിയ്‌ക്ക്‌


മെഡിയ്‌ക്കലോക്‌സിജന്‍
സിലിണ്ടര്‍ ലോറിയ്‌ക്ക്‌


ഒരുഡിവൈടറില്‍ തലകുടഞ്ഞിട്ട
കറുത്ത ബൈക്കിന്‌

മറിവു തുന്നുവാന്‍
മെടഞ്ഞ നൂലിന്‌

ഇനിയനസ്‌തേഷ്യാ
മുറി തുറക്കണേ


നമുക്കു തങ്ങളില്‍
തനിച്ചുകാണുവാന്‍

Wednesday, April 21, 2010

സമകാലികം

അലാറം കേട്ടുണര്‍ന്നെന്നും
പഴമ്പാലിന്റെ ചായയില്‍
പുറം ലോകം തുറക്കുന്നു
തലേദിവസാക്ഷരങ്ങള്‍


പടിയ്‌ക്കല്‍ത്തന്നെ നില്‍ക്കുന്നു
രക്ഷിക്കാനായൊരീശ്വരന്‍
അവനെക്കാണാതെ പോയവര്‍
നരകാതപത്തിലാണ്ടവര്‍


അവന്റേതാണുലോകത്തിന്‍
രക്ഷാരഹസ്യ പുസ്‌തകം
അവനായിട്ടിരമ്പുന്നു
മരണം പാഴ്‌നിലങ്ങളില്‍


വാരിയെല്ലിന്റെ കൂട്ടിലെ
പുകയിറമ്പത്തുതൂങ്ങുന്നു
ആസിഡൊഴിച്ചുറച്ചാരോ
ഷീറ്റടിച്ചിട്ട വാക്കുകള്‍


ഒരുമ്പെട്ടുപോയ പെണ്ണുങ്ങള്‍
അടുപ്പിന്‍ചോടു തീണ്ടുമോ
കുഴിച്ചിട്ട കോണ്ടങ്ങള്‍
മക്കളായിപ്പിറക്കുമോ.
കല്‍ക്കട്ട

സുവിശേഷയാത്രയില്
‍ഇളം സന്യാസിനികള്‍ക്കായി
സ്വര്‍ഗ്ഗകവാടം തുറക്കയാല്
‍വിരലുകളും നാവും വെന്തുപോയ
ഗന്ധര്‍വ്വന്റെ വണ്ടി
പാന്‍പരാഗിന്റെ മണത്തോടെ
ആങ്ങളമാരെ കൊണ്ടുവരും.


മൊബൈല്‍ ടവറിന്റെ ഉച്ചിയില്‍
ഇന്നലത്തെ മഴയില്‍ കുരുത്തഫ്‌ലാറ്റിന്റെ
അവസാന നിലയിലെ കയറേണിയില്‍
കട്ടക്കളത്തിലെരിയുന്ന തെങ്ങിന്‍ചൂളയില്‍
താബൂക്കിനെ സ്വപ്‌നം കാണുന്ന
എം സാന്റ്‌ കൂനയില്‍
അവര് ‍ഗീതാഞ്‌ജലിയെഴുതും
വിയര്‍പ്പായും വിശപ്പായും.


പെയിന്റെുണങ്ങും മുമ്പേ
ശീതീകരിച്ച മുറികളില്
‍പഡാഗില്‍ പണിഞ്ഞ
കിടക്കകള് ‍വിരിച്ച്‌
അവര്‍ തിരികെപ്പോകുന്നതിന്‌ മുന്നേ
പെ(ണ്ണു)ങ്ങളും വണ്ടിയിറങ്ങിയിട്ടുണ്ടാകും,

വെളിച്ചെണ്ണക്കൊഴുപ്പിനെ
ഈന്തപ്പഴപ്പതുപ്പിനെ
കിതപ്പായും നെടുവീര്‍പ്പായും
മാറ്റിയെഴുതാന്‍.

അസുരന്മാരേ
അമര്‍ത്യന്മാരേ
കല്‍ക്കട്ടയെ
ഒരു മുഴുത്ത തെറിയായി
നിങ്ങളെന്തിനു വിവര്‍ത്തനം ചെയ്‌തു.